March 03, 2014

മണല്‍ മലയിലെ സ്നേഹപ്പൂക്കള്‍ !

ഓരോ യാത്രകളും  നമുക്ക് നല്‍കുന്ന ആനന്ദം പലപ്പോഴും വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്തത്രയാണ്.ചില യാത്രകള്‍ ഉണ്ടാകുന്നതും അതുപോലെതന്നെയാണ് .  തികച്ചും യാദൃച്ഛികം . നിനച്ചിരിക്കാതെ നമ്മള്‍  നടത്തുന്ന  യാത്രകള്‍ നമ്മെ തന്നെ അത്ഭുതപ്പെടുത്തി നമ്മില്‍ ഒരു പുതിയ അനുഭൂതി പകര്‍ത്തി മറ്റൊരു യാത്രക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കി  ഒരുപാട് അറിവുകളും ,ഓര്‍മകളും നമുക്ക് നല്‍കി വിടവാങ്ങുന്നു. അതുപോലെ തന്നെയാണ് സഹയാത്രികരും. ഓരോ യാത്രയും പുത്തന്‍ അനുഭവമാക്കുന്നതില്‍ സഹയാത്രികര്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല.  കഴിഞ്ഞ ദിവസം യാമ്പുവിലേക്ക് നടത്തിയ യാത്രയും നല്‍കിയത് ഒരു ഒഴിവു വരാന്ത്യത്തിന്റെ സുഖം മാത്രമല്ല  മനസ്സില്‍ എന്നും സൂക്ഷിക്കാന്‍ കഴിയുന്ന ഒരു പിടി ഓര്‍മകളും അറിവുകളും  കൂടിയാണ്.

ഒരു യാത്ര പരിപാടി മനസ്സില്‍ കിടന്നു മൊട്ടിടാന്‍ തുടങ്ങിയിട്ട് നാളേറെയാ യെങ്കിലും ആളും തരവും കിട്ടാതെ പുഷ്പിക്കാതെ നില്‍കുന്ന സമയത്താണ് "യാമ്പു പുഷ്പമേള"യുടെ വരവ്. മനസ്സില്‍ അതങ്ങ് പൂവിട്ടെങ്കിലും  ജിദ്ദയില്‍ നിന്ന് യാമ്പു വിലേക്കുള്ള ദൂരം ഓര്‍ത്തപ്പോള്‍ ഒരു ചെറിയ മടി. എങ്കിലും അടുത്തപടിയായ സഹയാത്രികരെ തിരയല്‍ ആരംഭിച്ചപ്പോഴാണ് ശരിക്കും കറങ്ങിയത്. പതിവ് പോക്കറ്റുകള്‍ പലരും പലവിധ പരിപാടികളില്‍. അവസാന പ്രതീക്ഷ എന്ന നിലക്ക്  സുഹൃത്തും , പത്ര പ്രവര്‍ത്തകനും ബ്ലോഗ്ഗറുമായ ബഷീര്‍ വള്ളിക്കുന്നിനെ വിളിച്ചു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വള്ളിക്കുന്നിനു മറ്റൊന്നും ആലോചിക്കേണ്ടി  വന്നില്ല . "ഞാന്‍ വ്യാഴം അഞ്ചു മണിക്ക് ശേഷം ഫ്രീ ആണ്. അതിനു ശേഷം എപ്പോ വേണമെങ്കിലും പോകാം" . അങ്ങിനെ ഈ യാത്ര ഉറപ്പിച്ചു .യാമ്പു വില്‍ തന്നെയുള്ള സുഹൃത്തുക്കളായ അക്ബര്‍ വാഴക്കാടിനെയും മനാഫ് മാഷെയും ഫോണില്‍ വിളിച്ചു വിവരം അറിയിച്ചു .
ജിദ്ദയില്‍ നിന്ന് ഏകദേശം331 കിലോമീറ്റര്‍ ദൂരത്തു സ്ഥിതി ചെയ്യുന്ന മദീന പ്രവിശ്യയില്‍  പെട്ട വ്യാവസായിക നഗരമാണ് യാമ്പു.പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും നിറഞ്ഞ ഒരു കൊച്ചു തീരദേശപട്ടണം.


ഞങ്ങള്‍ വ്യാഴാഴ്ച കൃത്യം ഏഴുമണിക്ക് തന്നെ പുറപ്പെട്ടു.പതുക്കെയാണ് യാത്ര. ജിദ്ദയില്‍ നിന്ന് അവസാനത്തെ പെട്രോള്‍ സ്റ്റേഷനായ റിഹേലിയില്‍ നിന്ന് "പെട്രോള്‍ ടാങ്ക്" ഫുള്ളാക്കി ഞങ്ങള്‍ രണ്ട് പേരും  . പിന്നെ യാമ്പു വില്‍ എത്തുന്നത്‌ വരെ റോഡില്‍ പമ്പുകളോ കടകളോ ഇല്ല.  റോഡ്‌ വിജനമാണ്. ഞങ്ങളുടെ ചര്‍ച്ചകള്‍ നീണ്ടു. കൂട്ടിനു വിരസത അകറ്റാന്‍  മുഹമ്മദ്‌ റാഫി മുതല്‍ ശ്രേയ ഘോഷല്‍ വരെയും ആലപ്പുഴ ആയിഷാ ബീഗം മുതല്‍ കൊല്ലം  ഷാഫി  വരെയുള്ളവരും മാത്രം. റോഡിനിരു വശവും ഇരുട്ടില്‍ കുളിച്ചിരിക്കുന്ന മരുഭൂമി.സന്ധ്യാനേരത്ത്‌ മരുഭൂമിയില്‍ ഇരുള്‍പടരുമ്പോള്‍ ചിലപ്പോള്‍ വന്നുവീഴുന്ന കൊള്ളിയാനുകള്‍ പ്രകാശത്തിന്റെയും ഇരുട്ടി‍ന്റെയും സൌഭാഗ്യത്തെ നമ്മെ ഓര്‍മപ്പെടുത്തുന്നു. മരുഭൂമിയുടെ വശ്യ സൌന്ദര്യം ഇരുട്ടിലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഏകദേശം പത്തര മണിയോടെ  ഞങ്ങള്‍ യാമ്പുചെക്ക്പോസ്റ്റ്‌ കടന്നു.പിന്നെ അങ്ങോട്ട്‌ കിലോമീറ്ററുകളോളം പെട്രോള്‍  കമ്പനികളാണ്.ഇരുളിന്‍ വെളിച്ചത്തില്‍ കുളിച്ചു തല ഉയര്‍ത്തി നില്‍കുന്ന അവ വേറിട്ടൊരു കാഴ്ചതന്നെയാണ്.അവയെ മറികടന്നു ഞങ്ങള്‍ സിറ്റിയില്‍ പ്രവേശിച്ചു.ഇതിനിടയില്‍ വള്ളിക്കുന്ന്  അക്ബറിനെ വിളിച്ചു. ഏകദേശം പത്തിനൊന്നു മണിയോടെ ഞങ്ങള്‍ അക്ബര്‍ പറഞ്ഞ സ്ഥലത്ത് എത്തി.

"ഇന്നിനിഭക്ഷണം വിശ്രമം". അക്ബര്‍ രാജാവിന്റെ ഉത്തരവിനെ മറികടക്കാന്‍ ഞങ്ങള്‍ക്കായില്ല. ഫ്രെഷായി പുറത്തു പോയി ഭക്ഷണം കഴിച്ചു തിരികെ  റൂമില്‍ എത്തി. ചര്‍ച്ചകള്‍ വീണ്ടും കൊഴുത്തു.  ഉറങ്ങുന്നതിനു മുന്പ് പിറ്റെ ദിവസത്തെ യാത്രയുടെ വിശദമായ പ്ലാന്‍ അക്ബര്‍ അവതരിപ്പിച്ചു. പിന്നെ എല്ലാവരും സുഖ സുഷുപ്തിയിലേക്ക് !

രാവിലെ ഏഴ് മണിക്ക് തന്നെ എല്ലാവരും റെഡിയായി . പ്രഭാത ഭക്ഷണം ഏര്‍പ്പാട് ചെയ്തിരിക്കുന്നത് മനാഫ് മാഷുടെ വീട്ടിലാണ്. കൃത്യം എട്ടരക്ക് തന്നെ അവിടെ എത്തി. സ്നേഹാന്വേഷണങ്ങള്‍ക്ക് ശേഷം  വിഭവ സമൃദ്ധമായ പ്രാതൽ കഴിച്ചു.  ഉച്ചക്ക് യാമ്പു ലേകില്‍ വെച്ച് കണ്ടുമുട്ടാം എന്ന് പറഞ്ഞു മാഷോടും കുടുംബത്തോടും യാത്ര പറഞ്ഞിറങ്ങി.


നേരെ പോയത് യാമ്പു ബീച്ചിലേക്ക് . വൃത്തിയുള്ള കടപ്പുറം. വെള്ളിയാഴ്ച രാവിലെ ആയതു കൊണ്ടാവാം ആളുകള്‍ നന്നേ കുറവ്.അവിടെ ഒക്കെ ഒന്ന് ചുറ്റിക്കറങ്ങി പിന്നെ ഞങ്ങള്‍ യാമ്പു ബോട്ടിംഗ് കേന്ദ്രത്തിലേക്ക് പോയി. യാമ്പു വില്‍ വരുന്നവരുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമാണ് ഈ ബോട്ടിംഗ്. കുടുംബത്തിനും കുട്ടികള്‍ക്കും ഒക്കെ ഏറെ സന്തോഷം നല്‍കുന്ന  ഇടം. അവിടെ എന്തോ പണികള്‍ നടക്കുന്നതിനാല്‍ രാവിലെഅടച്ചിട്ടിരിക്കുന്നു. ഞങ്ങള്‍ അവിടെ നിന്നും നേരെ ചൈന പാര്‍ക്കിലേക്ക്.




ചൈന പാര്‍ക്ക് എന്ന് കേട്ട് ഞെട്ടണ്ട ,ലോകത്ത് എന്തിനും ആദ്യം പേരിടുന്ന മലയാളിയുടെ വകയാണ് ഈ പേരും. കിലോമീറ്ററുകള്‍ വിസ്തൃതിയുള്ള പാര്‍ക്കാണ് ഇത്. മനോഹരം എന്ന് പറയാതെ വയ്യ. കുട്ടികള്‍ക്ക് കളിക്കാനുള്ള എല്ലാ വിധ  ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് .അത് പോലെ തന്നെ കംഫര്‍ട്ട് സ്റെഷനുകളും. മനോഹരമായ പൂന്തോട്ടം ഇതിന്റെ മുഖ്യ ആകര്‍ഷണമാണ്. പിന്നെ ഒരു ഭാഗം കടലും. ഇളകിയോടുന്ന പ്രവാസത്തിന്റെ തിരക്കിനിടയില്‍ ഈ പാര്‍ക്ക്‌ നിങ്ങളെ  ഒന്ന് തണുപ്പിക്കും തീര്‍ച്ച. അവിടെ നിന്ന് ഞങ്ങള്‍ മറ്റൊരു പ്രധാന പാര്‍ക്കായ റോയല്‍ കമ്മിഷന്‍ പാര്‍ക്കിലേക്ക് പോയി. മനോഹരമായ ഒരു ചെറിയ പാര്‍ക്കാണ് ഇത്. ഇവിടെ എത്തിയപ്പോള്‍ വള്ളിക്കുന്നിനു ഊഞ്ഞാല്‍ ആടണം എന്ന് വാശി. ആയിക്കോട്ടെന്നു ഞങ്ങളും !




പിന്നീടു യാത്ര യാമ്പു ലേക്കിലേക്ക് . മനോഹരമായ ഒരു ചെറിയ തടാകമാണിത്. തടാകത്തില്‍ നിറയെ മീനുകളും. ഒരു ചെറിയ ആവാസ വ്യവസ്ഥയുടെ പ്രതീകം. തടാകത്തിലെ മീനുകളെ പിടിക്കരുത് എന്ന് അവിടെ ബോര്‍ഡ് വെച്ചിട്ടുണ്ട്. ഭൂമിയുള്ള മനുഷ്യരോടെന്ന പോലെ മറ്റു ജീവികളോടും കരുണ കാണിക്കണം എന്ന് ഓര്‍മപ്പെടുത്തി കൊണ്ട് അവിടെ ഒരു സൗദി മീനുകള്‍ക്ക് തീറ്റ കൊടുക്കുന്ന കാഴ്ചഏറെ സന്തോഷം നല്‍കുന്നതായിരുന്നു.




കുറെ നേരം അവിടെ ചിലവഴിച്ച ശേഷം അവിടെ നിന്നും തിരിച്ചു പോകാന്‍ നേരത്താണ് അക്ബറിന് ഫോണ്‍. ജിദ്ദയില്‍ നിന്ന്  ഫോകസ് ടീമിന്റെ വക ബസ്‌ യാമ്പു വില്‍ വരുന്നു. അവരെ സ്വീകരിക്കണം എന്ന് പറഞ്ഞു കൊണ്ട്. അവര്‍ എത്തേണ്ട സ്ഥലം എവിടെ എന്ന് പറഞ്ഞു കൊടുത്തു  ഞങ്ങള്‍ അങ്ങോട്ട്‌ നീങ്ങി .അഞ്ചു മിനിട്ടിനകം ഫോക്കസ് ടീമുമായി കണ്ടുമുട്ടി. പിന്നെ അവരെയും കൂട്ടി പള്ളിയിലേക്ക് ജുമുഅ നമസ്കാരത്തിന്.




നമസ്കാര ശേഷം  പിന്നീട് യാത്ര യാമ്പു വീണ്ടും ലേക്ക് പാര്‍ക്കിലേക്ക്. മനാഫ് മാസ്റ്റര്‍ എല്ലാവര്‍ക്കുമുള്ള ഭക്ഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത് അവിടെയാണ്. തടാകത്തിനു നടുവില്‍ ഉള്ള ഒരു തുരുത്തില്‍ ഇരുന്നു എല്ലാവരും ഭക്ഷണം കഴിച്ചു. സ്ത്രീകളും ,കുട്ടികളും ഒക്കെയായി പത്തറുപതു പേരുണ്ട്. ജിദ്ദയില്‍ നിന്ന് തന്നെ വന്ന ബ്ലോഗ്ഗറും മൈക്രോ ഫിനാന്‍സിംഗ് വിദഗ്ദനുമായ അഷ്‌റഫ്‌ ഉണ്ണീനെയും  കുടുംബത്തെയും അവിടെ വെച്ച് കണ്ടു മുട്ടി. എല്ലാവര്ക്കും സന്തോഷം. കുട്ടികളൊക്കെ  മീനുകളുമായി സല്ലാപത്തിലാണ്. ഈ തടാകത്തില്‍ ഞങ്ങള്‍ക്കുള്ളത്ര സ്വാതന്ത്ര്യം   പോലും നിങ്ങള്‍ക്ക് ഫ്ലാറ്റുകളില്‍ ഇല്ലല്ലോടാ  എന്നായിരിക്കുമോ മീനുകള്‍ കുട്ടികളോട് ചോദിച്ചത്?




ഭക്ഷണം കഴിച്ചു ഫോക്കസ് ടീമിനെ ചൈന പാര്‍ക്കില്‍ ഇറക്കി  വൈകിട്ട്  ഫ്ലവര്‍ ഷോയില്‍ കണ്ടുമുട്ടാം എന്ന് പറഞ്ഞു ഞങ്ങള്‍ മൂന്നു പേരും യാത്ര തുടര്‍ന്നു. ചരിത്രമുറങ്ങുന്ന ബദര്‍മണല്‍ മലയാണ് ലക്ഷ്യം. യാമ്പുവില്‍ നിന്ന് 75 KM മദീനയിലേക്കുള്ള വഴിയിലാണ് മനോഹരമായ ഈ മണല്‍ മലകള്‍.  പോകുന്ന വഴിയില്‍ വലിയ  മല പോലെ ഗോതമ്പ് കൂട്ടിയിട്ടിരിക്കുന്നു. സംശയം തീര്‍ക്കാന്‍ എന്നവണ്ണം ഞങ്ങള്‍ അതിനടുത്ത് വാഹനം നിര്‍ത്തി . കന്നുകാലികള്‍ക്ക് കൊടുക്കുന്ന ഒരു തരം ഗോതമ്പ് പായ്ക്ക് ചെയ്യുന്ന സ്ഥലമാണ് എന്ന് ഒരുസ്വദേശി പറഞ്ഞുതന്നു.അവിടെനിന്നു വീണ്ടുംയാത്ര.
ഇപ്പോള്‍ അങ്ങകലെ റോഡിനു ഇടതു വശത്തായി മണല്‍ മല കാണാം .


കുറച്ചു കൂടി മുന്നോട്ടു പോയി  വാഹനം തിരിച്ചു ഞങ്ങള്‍  മലക്ക് സമീപം നിര്‍ത്തി. മനോഹരമായ ഒരു കാഴ്ചയാണത്.പൊടിമണല്‍ തരികളാല്‍ തീര്‍ത്ത മനോഹര മല.ഒരുവേള എന്റെ മനസ്സ്  യുഗങ്ങള്‍ക്കുമുന്പ് ഈ മണല്‍ കുന്നിലൂടെ സഞ്ചരിച്ചവരുടെ കാല്പാടുകള്‍ തേടി . സഹനത്തിന്റെയും ത്യാഗത്തിന്റെയും മുദ്ര പതിഞ്ഞ മണല്‍ തരികള്‍. ഇവിടെ നിന് നോക്കിയാല്‍ അങ്ങകലെ പൊട്ടുപോലെ ബദര്‍പട്ടണം കാണാം.  ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്ർ യുദ്ധം.ഇവിടെനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ദൂരം മാത്രമേഉള്ളൂ ബദര്‍ രണാങ്കണ ഭൂമിയിലേക്ക്‌ .അക്ബര്‍ മുന്നിലും വള്ളിക്കുന്ന് പിന്നിലുമായിമലകയറ്റം ആരംഭിച്ചു. 





ഞാന്‍ ഏറ്റവും പിറകിലും ! കയറുന്തോറും കാലുകള്‍ മണലില്‍ ആഴ്ന്നിറങ്ങുന്നു. ഏകദേശം അരമണി ക്കൂര്‍ കൊണ്ട്  അവര്‍ മുകളിലെത്തി. ഞാന്‍ മലയുടെ ഒത്ത നടുക്കും. പിന്നെ തിരിച്ചിറക്കം. മണലില്‍ പതിയുന്ന കാറ്റിന്റെ മൂളല്‍. ഒരു പക്ഷെ ശ്രദ്ധിച്ചാല്‍ മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ ഇശല്‍ നിങ്ങള്‍ക്കതില്‍ കേള്‍ക്കാം. 
"ബദറല്‍ ഹുദാ യാസീനന്നബി ഖറജായന്നേരം 
വളര്‍ കോടി മൂണ്ടെണ്ണം കെട്ടിടയാതിലുണ്ടേ ..." 



നേരം അഞ്ചു മണി - ഇനി പരിപാടിയിലെ പ്രധാന ഇനമായ പുഷ്പ മേള കാണണം. ഞങ്ങള്‍ നേരെ പുഷ്പ പ്രദര്‍ശന സ്ഥലമായ ഒക്കേഷന്‍ പാര്‍ക്കിലേക്ക് തിരിച്ചു. നല്ല തിരക്കാണ് .വാഹനം പാണ്ട മാര്‍ക്കറ്റിനു സമീപം പാര്‍ക്ക് ചെയ്തു ഞങ്ങള്‍ പുഷ്പ നഗരിയിലേക്ക്.




















കെട്ടിലും മട്ടിലും മോടി പിടിപ്പിച്ച പ്രവേശന കവാടം കടന്നു പ്രധാന ആകര്‍ഷണമായ പുഷ്പ പരവതാനിയിലേക്ക്.ഏഴ്പൂക്കള്‍വീതമുള്ള മൂന്നുലക്ഷത്തിലധികം ചെടികളാല്‍10712ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന
പരവതാനിതന്നെയാണ് മേളയുടെ മുഖ്യ ആകര്‍ഷം.കൂടാതെ ചെടികളുടെവിപണനവും പ്രദര്‍ശനവും . കുറച്ചുനേരംഅവിടെചെലവഴിച്ചു ഇതിനിടയില്‍   ബ്ലോഗര്‍ സലിം. ഇ.പി  .നൌഷാദ്കൂടരഞ്ഞി തുടങ്ങി നിരവധി സുഹൃത്തുക്കളെയും അവിടെ കണ്ടു.മനോഹരമായ  ഈപുഷ്പ കാഴ്ച കണ്ടുപുറത്തിറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയത്ഖലീല്‍ ജിബ്രാന്റെ  "  Song of the flower" എന്ന  കവിതയുടെ അവാസാനവരികളാണ് .


I am the lover's gift; I am the wedding wreath;
I am the memory of a moment of happiness;
I am the last gift of the living to the dead;
I am a part of joy and a part of sorrow.

But I look up high to see only the light,
And never look down to see my shadow.
This is wisdom which man must learn.


കാറ്റിലാടുന്ന ഓരോ പൂവും ഇതേറ്റു പാടുന്നതായി എനിക്ക് തോന്നി.


തിരിച്ചു അക്ബറിന്റെ റൂമിലേക്ക്‌ പോകുന്ന വഴിയില്‍വള്ളിക്കുന്നിന്റെ പഴയ സുഹൃത്തായ  ടി കെ മൊയ്തീൻ മുത്തന്നൂരിനെ   കാണാന്‍ അയാളുടെ കടയില്‍ കയറി.അവിടെ മറ്റൊരു കാഴ്ച ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ടെറസില്‍ അദ്ദേഹം ഉണ്ടാക്കിയ പച്ചക്കറി തോട്ടം .  കുറച്ചു സമയം അവിടെ ചിലവഴിച്ചു അദ്ദേഹം സ്നേഹപൂര്‍വ്വം  സല്‍കരിച്ച പൊരിച്ച മീനും ചോറും കഴിച്ചു തിരികെ അക്ബറിന്റെ റൂമില്‍ എത്തിയപ്പോള്‍ രാത്രി പതിനൊന്നു മണി. രാവിലെ അഞ്ചു മണിക്ക് ജിദ്ദയിലേക്ക് പുറപ്പെടാന്‍ ഉള്ളത് കൊണ്ട് രണ്ടു ദിവസത്തെ യാത്ര നല്‍കിയ വിസ്മയ കാഴ്ചകള്‍  മനസ്സില്‍ ഓര്‍ത്തു  കണ്ണുകള്‍ പതിയെ അടച്ചു. !

ഏഴു പൂക്കള്‍
ഏഴു പൂക്കള്‍
ഏഴു പൂക്കള്‍ വീതമുള്ള മൂന്ന് ലക്ഷത്തിലതികം ചെടികളാല്‍ പതിനായിരത്തി എഴുന്നൂറ്റി പന്ത്രണ്ടു (10712.75) ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന പുഷ്പ പരവതാനിയാണ് മേളയിലെ പ്രധാന ആകര്‍ഷണം. മനോഹാരിത കൊണ്ടും ലോകത്തെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന ബഹുമതി കൊണ്ടും മേള ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. - See more at: http://beta.mangalam.com/pravasi/gulf/155433#sthash.xpwzO8j5.dpuf
ഏഴു പൂക്കള്‍ വീതമുള്ള മൂന്ന് ലക്ഷത്തിലതികം ചെടികളാല്‍ പതിനായിരത്തി എഴുന്നൂറ്റി പന്ത്രണ്ടു (10712.75) ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന പുഷ്പ പരവതാനിയാണ് മേളയിലെ പ്രധാന ആകര്‍ഷണം. മനോഹാരിത കൊണ്ടും ലോകത്തെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന ബഹുമതി കൊണ്ടും മേള ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. - See more at: http://beta.mangalam.com/pravasi/gulf/155433#sthash.xpwzO8j5.dpuf
ഏഴു പൂക്കള്‍ വീതമുള്ള മൂന്ന് ലക്ഷത്തിലതികം ചെടികളാല്‍ പതിനായിരത്തി എഴുന്നൂറ്റി പന്ത്രണ്ടു (10712.75) ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന പുഷ്പ പരവതാനിയാണ് മേളയിലെ പ്രധാന ആകര്‍ഷണം. മനോഹാരിത കൊണ്ടും ലോകത്തെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന ബഹുമതി കൊണ്ടും മേള ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. - See more at: http://beta.mangalam.com/pravasi/gulf/155433#sthash.xpwzO8j5.dpuf