November 24, 2011

കുടുംബം

ഒന്നായി
ഇനിയെപ്പോ ഒന്നുക്കൂടി
എന്നവള്‍ ചോദിച്ചപ്പോള്‍
ഒന്നായാല്‍ ഒന്നാകാം
എന്നവന്‍ മൊഴിഞ്ഞെങ്കിലും 
ഒന്നാകാന്‍ കഴിയാതെ
ഒന്നായ കാലത്തെ
ഓര്‍ത്തവര്‍  
കാലം കഴിച്ചു  !
അപ്പോഴും തുറന്നു വെച്ച
സ്ക്രീനില്‍ അവര്‍ മുടങ്ങാതെ
മാതൃകാ കുടുംബം
പരിപാടി കാണാറുണ്ടായിരുന്നു !
 

November 17, 2011

ഭൂമി............


പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങള്‍ വീട്ടു മുറ്റത്തെ  പൂമര ചില്ലകള്‍ക്കിടയിലൂടെഅരിച്ചിറങ്ങിചെറിയ ചൂട് പകര്ന്നപ്പോഴാണ്  പേപ്പര്‍  വായന അവസാനിപ്പിച്ചത്. 
അതൊരു വല്ലാത്ത സുഖമാണ് രാവിലെ സിറ്റ്ഔട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കാന്‍. നേരം ഒത്തിരി ആയി.  ചായ കുടിക്കാന്‍ രണ്ടു  പ്രാവശ്യം അടുക്കളയില്‍ നിന്ന്
വിളി കിട്ടിയിട്ടും മറുപടി ഒരു മൂളലില്‍ ഒതുക്കിയതാ ഞാന്‍.
പേപ്പര്‍ മടക്കി പതുക്കെ എഴുന്നേറ്റു.ഇനിയുംരണ്ടു
ദിവസം കൂടി കഴിഞ്ഞാല്‍ അവധി തീര്‍ന്നു .അവധി 
ദിവസങ്ങള്‍ എത്ര പെട്ടെന്നാ പോയത്. എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഓരോ പ്രവാസിയും
തന്റെ അവധി ദിനങ്ങള്‍കണക്കുകൂട്ടുന്നത്.പക്ഷെ എവിടെയും എത്താതെ
പലപ്പോഴും പരാതി കൂമ്പാരങ്ങള്‍ സ്വയം ഏറ്റു വാങ്ങി 
തിരികെ സ്വന്തംതട്ടകത്തിലേക്ക് തിരിക്കാനാണ് പലരുടെയും
വിധി.

ഇന്നെങ്കിലും നിങ്ങള്‍ ഒന്നവിടെ വരെ പോകണം .അവര്‍ രണ്ട്‌ ദിവസം കൂടി കഴിഞ്ഞാല്‍ പോകും" 
ചായ കുടിക്കുന്നതിനിടയില്‍ ബീവിയുടെ സ്നേഹത്തോടെയുള്ള ഓര്‍മ്മപ്പെടുത്തല്‍ .
ശരിയാണ് ഇത്ര ദിവസം ആയിട്ടും അവിടെ ഒന്ന്  കയറിയിട്ടില്ല. എന്തോ എനിക്കറിയില്ല എന്താണ് അതിനു കാരണം.
ഒരു പക്ഷെ ഓരോ പ്രവാസിയുടെയും പതിവ് മരവിപ്പ് തന്നെ ആകാം കാരണം 
പറയുമ്പം അയല്പക്കമാണ്.രണ്ടു മൂന്നു വീട് ദൂരെ. ഇനിയിപ്പോ അവര്‍ പോയാല്‍...!!?വേഗം ചായ കുടിച്ചു ഇറങ്ങി.

കഴിഞ്ഞ വെകേഷനില്‍ അവിടെ പോയതാ ,അന്ന്  എന്തൊരു സന്തോഷമായിരുന്നു ആ ഉമ്മാക്ക്.  അല്ലേലും എന്നും അവര്‍ക്ക് എന്നോട് വാത്സല്യമായിരുന്നു . ചെറുപ്പത്തില്‍ അവരുടെ വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങള്‍ പല ചരക്കു കടയില്‍ നിന്ന് കൊണ്ട് കൊടുക്കുമ്പോള്‍ സ്നേഹത്തോടെ തരുന്ന ഒറ്റ രൂപാ  നോട്ടുകള്‍
മനസ്സില്‍ മായാതെ കിടക്കുന്നു. എത്ര പെട്ടെന്നാ കാര്യങ്ങള്‍ അവര്‍ക്ക് എല്ലാം കൈവിട്ടു പോയത്.
തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ കുടുംബം മൂന്നു  ആണ്‍കുട്ടികള്‍ 
സന്തുഷ്ട  കുടുംബം . ഏറ്റവും ഇളയ കുട്ടി റാഫി 
എന്റെ കളിക്കൂട്ടുകാരന്‍ .
മക്കളെ ലാളിച്ചു വളര്‍ത്തിയ അച്ഛനമ്മമാര്‍. മൂത്തമകന്‍ പഠനവസാനം പ്രേമിച്ചവളുടെ  കൂടെ പോകാന്
‍തീരുമാനിച്ചപ്പോള്‍ നല്ലരീതിയില്‍ വിവാഹം നടത്തികൊടുത്തവര്‍. പക്ഷെ വിധി
അവരെ ഒന്നിക്കാന്‍ വിട്ടില്ല . ഒരു ബൈകപകടതിന്റെ രൂപത്തില്‍  അവരുടെ ജീവിതം പൊലിഞ്ഞു പോയി. 
രണ്ടാമത്തെ മകന്‍ നാട്ടു നടപ്പില്‍ പെട്ട് നട്ടപ്പാതിര നേരം വന്നു കയറാന്‍ 
തുടങ്ങിയപ്പോള്‍ തളന്നു പോയെങ്ങിലും , നേരെയാക്കാന്‍ വിദേശ 
വാസത്തിനു വിട്ടു . 
പക്ഷെ വിധി വീണ്ടും അവരെ കീഴ്പെടുത്തി .
ഒരു കാര്‍  അപകടത്തിന്റെ രൂപത്തില്‍  വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക് ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം. 
പിന്നീടുള്ള അവരുടെ ജീവിതം ഇളയമകന്  വേണ്ടിയായിരുന്നു.
അവനു  ജോലി ലഭിച്ചപ്പോള്‍ അവര്‍ അതിരറ്റു ആഹ്ലാദിച്ചു.
പക്ഷെ ഇടയ്ക്കു കുടുങ്ങിയ പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ വിവാഹം തന്നെ വേണ്ടെന്നു വെച്ച് 
വാശി തീര്‍ത്തു അവന്‍ .പക്ഷെ  വേദനയാല്‍ തകന്നു പോയ
ഉപ്പ  ഒരു ദിവസം പെട്ടെന്ന്ഈ ലോകത്തോട്‌ വിട പറഞ്ഞപ്പോള്‍ആ 
ഉമ്മാക്ക്  പിടിച്ചു നില്‍കാന്‍ ഒരുപാട് പാട് പെടേണ്ടി വന്നു .
പല പ്രാവശ്യം അവധിക്കു വന്നപ്പോഴും ഞാന്‍ റാഫിയോടു  കല്യാണത്തെ പറ്റി സൂചിപ്പിച്ചപ്പോള്‍ ഒക്കെ അവന്‍  പറഞ്ഞത്  അത് ഞാന്‍ എന്നോ മറന്നു എന്നായിരുന്നു. അതെ ചിലര്‍ക്ക്  ചില മുറിവുകള്‍ അങ്ങിനെയാ - അതൊരിക്കലും ഉണങ്ങില്ല .

ഓര്‍മ്മകള്‍ മനസ്സില്‍ മിന്നലോട്ടം നടത്തിയപ്പോഴേക്കും ഞാന്‍ വീട്ടുമുറ്റത്ത്   എത്തിയിരുന്നു .പതിയെ കാള്ലിംഗ് ബെല്‍ അമര്‍ത്തി . രണ്ടു നിമിഷം കഴിഞ്ഞപ്പോള്‍ ഉമ്മ  വന്നു വാതില്‍ തുറന്നു .പുഞ്ചിരിക്കുന്ന  മുഖത്തേക്ക് ഒരു നിമിഷം ഞാന്‍ നോക്കി . കുശലന്വേഷനങ്ങള്‍ക്ക് ശേഷം ഞാന്‍ ചോദിച്ചു ..”ഉമ്മച്ചി  എന്താ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം .പെട്ടെന്ന് എല്ലാംവിറ്റു പെറുക്കി നാട്ടില്‍ പോകാന്‍
അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ . ?? എന്ന അവരുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു . ഇല്ല എന്ന് തലയാട്ടി . നീ വാ . നമുക്ക് അടുക്കളയില്‍ ഇരുന്നു സംസാരിക്കാം. 

അടുക്കളയില്‍ ഇരുന്നു  കഥ അവര്‍ പറയ്യാന്‍ തുടങ്ങി ..
റാഫിക്ക്  സഹകരണ ബാങ്കിലാണ് ജോലി. കഴിഞ്ഞ രണ്ടു വര്ഷം നാട്ടില്‍ ഉണ്ടായ ഭൂമി മാഫിയ അവനെ  ഒരു ചെറിയ കരുവാക്കി . ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടായിരുന്ന ഒരാള്‍ അവനെ പറഞ്ഞു മയക്കി ബാങ്കിലെ ചില ഇടപാടുകാരില്‍  നിന്നും ബാങ്കിന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ ദിപോസ്സിറ്റ്  വാങ്ങി തിരിമറി നടത്തി . പക്ഷെ അവന്‍ മുങ്ങി ,ഇടപാടുകാര്‍ പൈസ തിരികെ ചോദിച്ചപ്പോള്‍
പ്രശ്നമായി ഏകദേശം പതിനഞ്ചു ലക്ഷം രൂപ ഈ ഇനത്തില്‍ കടം വന്നു. വീടും പുരയിടവും വിറ്റു കടം വീട്ടുകയല്ലാതെ എന്ത് ചെയ്യാന്‍ . ഒടുവില്‍ അത് ചെയ്തു . 
നാട്ടില്‍ കുറച്ചു സ്ഥലം ഉണ്ട് .ശിഷ്ട കാലം അവിടെ കഴിയാം
ഇത് പറഞ്ഞു ആ അമ്മ കണ്ണ്  നീര്‍ തുടച്ചു ..
സ്നേഹ നിധിയായ ആ അമ്മയുടെ കൂടെ കരയാനല്ലാതെ എനിക്കായില്ല 
മൂന്ന് മക്കളെ പ്രസവിച്ചിട്ടും വിധി അവരെ ............

കണ്ണീരോടെ യാത്ര പറഞ്ഞു എന്റെ വീട്ടുമുറ്റത്ത്‌ എത്തിയപ്പോള്‍ മൂന്നു നാലുപേര്‍ . ആരാ എന്ന എന്റെ ചോദ്യത്തിന് "ഞങ്ങള്‍ സ്ഥലം ബിസിനെസ്സ്കാരാ. നിങ്ങള്‍ ഗള്‍ഫില്‍ നിന്ന് വന്നു എന്നറിഞ്ഞു വന്നതാ.ഇവിടെ അടുത്ത് നല്ല കുറച്ചു  സ്ഥലം വിലക്കാന്‍ ഉണ്ട് . ഇപ്പൊ വാങ്ങി ഇട്ടാല്‍ കുറച്ചു കഴിഞ്ഞു നല്ല വിലക്ക് വില്‍ക്കാം" .  അടുത്ത് എവിടെയാ എന്ന  എന്റെ ചോദ്യത്തിന്  "ബാങ്കിലെ റാഫിയുടെ............" . കൂടുതല്‍ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇപ്പൊ എന്റെ കയ്യില്‍ പൈസ ഒന്നും ഇല്ല എന്ന് പറഞ്ഞു അകത്തേക്ക് കയറുമ്പോള്‍ എന്റെ മനസ്സില്‍  ആ ഉമ്മയുടെ കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീരും , വിസ്തീര്‍ണം വര്‍ദ്ധിക്കാതെ  കഷ്ണങ്ങള്‍  ആയി മാറുന്ന  നമ്മുടെ ഈ കൊച്ചു ഭൂമിയും മാത്രം ആയിരുന്നു ..  


November 04, 2011

ഒരു ഹജ്ജുകാല ഓര്‍മ...

ഹജ്ജ് ..  മനുഷ്യന്‍ ദൈവത്തിലേക്ക് ചലിക്കുന്ന കര്‍മ്മം ! പല കാര്യങ്ങളും ഒന്നാക്കുന്ന ഒരു പ്രകടനം .
സൃഷ്ടിയുടെ ചരിത്രത്തിന്റെ , മനുഷ്യരുടെ ഐക്യത്തിന്റെ , ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ , മുസ്ലിം സമൂഹത്തിന്റെ
പ്രകടനം . ഒരുപാട്  പ്രമേയങ്ങളും , പ്രകടനങ്ങളും  , പ്രതീകങ്ങളും  അടങ്ങിയതാണ് ഹജ്ജ് .  അള്ളാഹുവാന് അതിന്റെ സൂത്രധാരന്‍
പ്രകടനത്തിന്റെ പ്രമേയം അതില്‍ പങ്കുടുക്കുന്ന ജനങ്ങളുടെ  കര്‍മങ്ങളാണ് , ആദം , ഇബ്രാഹിം , ഹാജര്‍ , പിശാച് എന്നിവരാണ്‌ അതിലെ
മുഖ്യ കഥാ പാത്രങ്ങള്‍, മസ്ജിതുല്‍ ഹറാമും പരിസരവും ,  അറഫ , മഷര്‍ , മിന  എന്നീ സ്ഥലങ്ങളാണ് രംഗങ്ങള്‍ . കഅബ, സഫ , മര്‍വ,
പകല്‍ , രാവ്, സൂര്യ പ്രകാശം , അസ്തമയം , വിഗ്രഹങ്ങള്‍ , ബലി എന്നിവയാണ് പ്രതീകങ്ങള്‍ . വസ്ത്രധാരണവും മൈക്ക് അപ്പുമാണ് 
ഇഹ്റാമും, തല മുണ്ടനും ചെയ്യലും , മുടിയില്‍ നിന്ന് അല്പം നീക്കലും .
പക്ഷെ ദൃശ്യത്തില്‍ വിവിധ റോളുകളില്‍ അഭിനയിക്കുന്നത് ഒരാള്‍ മാത്രമാണ് . ഹജ്ജില്‍ പങ്കെടുക്കുന്ന ആള്‍ .
ഈ വരികള്‍ മുന്‍പെന്നോ വായിച്ച അലി ശരീഅത്തിയുടെ പുസ്തകത്തില്‍ നിന്ന് ..അതെ ഹജ്ജു ഒരു വലിയ സന്ദേശം ആണ് .
എന്റെ പ്രവാസ ജീവിതം തുടങ്ങുന്നത് 1993 ല്‍. പൊന്നുവിളയുന്ന  അറബ് ലോകം  എന്റെ സ്വപ്നത്തില്‍ ഉണ്ടായിരുന്നില്ലെങ്ങിലും 
ജീവിത  തോണി ഒഴുകി എത്തിയത് ഇവിടെ . അതും മക്കയില്‍ . മിനക്കടുത്ത  ഷിഷ എന്ന് പറയുന്ന  മിനയോട് തൊട്ടുകിടക്കുന്ന സ്ഥലം .
ജോലിസ്ഥലത്തിനു അടുത്ത്  തന്നെ താമസം . അവിടെ നിന്ന് ജമ്രത്തിലേക്ക് ( പിശാചിനെ കല്ലെറിയുന്ന സ്ഥലം ) കേവലം  ഒരു കിലോമീറ്റര്‍ ദൂരം മാത്രം .
സത്യത്തില്‍ അവിടെ എത്തിപ്പെട്ടത് മുതലാണ്‌ ഹജ്ജിന്റെ വിശാലമായ അര്‍ത്ഥ തലങ്ങള്‍ ചിന്തിച്ചു തുടങ്ങുന്നത് . ഹജ്ജു സമയത്ത് ജനലക്ഷങ്ങള്‍
ഒഴുകിയെത്തുന്ന മിന. പല ദേശക്കാര്‍ , പല ഭാഷക്കാര്‍   പക്ഷെ എല്ലാവരും  ഒരേ ഒരു വേഷത്തില്‍ . ! കറുത്തവന്‍ എന്നോ വെളുത്തവന്‍ എന്നോ അന്തരമില്ലാതെ , മന്ത്രിയോ ,സാധാരണ പൌരനെന്നോ വ്യത്യാസമില്ലാതെ   ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി എത്തിപ്പെട്ടവര്‍ . എന്റെ ജോലി റീടൈല്‍ വിഭാഗത്തില്‍ ആയിരുന്നതിനാല്‍ ഒരുപാടു ദേശക്കാരായ ഹാജിമാരുമായി ഇടപഴകാന്‍ അവരം കിട്ടി . നിഷ്കളങ്കരായ വയോധികരുടെ  പുഞ്ചിരി ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു .
ആ കാലത്ത് നാട്ടില്‍ നിന്ന് ഹജ്ജിനു വന്നിരുന്ന ഹാജിമാരെ സേവിക്കാനും അവസരം  കിട്ടിയിരുന്നു.  ഹജ്ജിന്റെ തിരക്ക് പിടിച്ച ആ കാലത്താണ് 
ജീവിതത്തില്‍ ആദ്യമായി പതിനാറും പതിനെട്ടും മണിക്കൂര്‍ ജോലി ചെയ്തതും ! 
അങ്ങിനെ 1997  -  ഏപ്രില്‍ 15  ലെ ഒരു പ്രഭാതം . പതിവ്  പോലെ തിരക്ക് പിടിച്ച ജോലി ആരംഭിക്കുകയായി . ഒന്പതു മണിക്ക് തന്നെ
ജോലിയില്‍ കയറി .അന്ന് ദുല്‍ ഹിജ്ജ എട്ടാണ്‌-  ഹാജിമാര്‍ മിനയില്‍ രാപ്പാര്‍ക്കുന്ന ദിവസം
തലേന്ന്   തന്നെ മിനയിലേക്ക്  ഒഴുക്ക്
ആരംഭിച്ചിരുന്നു - എങ്ങും ജനസമുദ്രം.  ഞങ്ങളുടെ മാര്‍കെറ്റില്‍ നല്ല തിരക്ക് . ഹാജിമാര്‍ രണ്ടു ദിവസത്തേക്ക് ആവശ്യമായ
അത്യാവശ്യ
സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലാണ് . ഞാനും എന്റെ ജോലിയില്‍ മുഴുകി .
ഏകദേശം 11  മണി ആയിക്കാണും. അപ്പോഴാണ്‌ ആ കാഴ്ച കണ്ടത് . മിനയില്‍ നിന്ന് വരുന്ന റോഡിലൂടെ ജന സമുദ്രം ഒഴുകുന്നു
പലരും പേടിച്ചു പോയിട്ടുണ്ട്. ചിലരുടെ കയ്യില്‍ ബാഗുകള്‍ ഉണ്ട് . ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല . റോഡില്‍ ഇറങ്ങി നോക്കി .
അങ്ങകലെ മിനയില്‍ നിന്ന് ആകശേത്തെക്ക് തീ നാളങ്ങള്‍ ഉയരുന്നു , എങ്ങും കറുത്ത പുക , മനസ്സില്‍ ഒരു വിങ്ങല്‍ . ദൈവമേ
എന്തോ അപായം സംഭവിച്ചിരിക്കുന്നു . അല്ലാഹുവിന്റെ
അതിഥികള്‍ക്ക് ഒരാപത്തും വരുത്തല്ലേ ..മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
അല്‍പ സമയത്തിന് ശേഷമാണ് മിന ടെന്റില്‍ തീപിടിച്ചു എന്ന ദുഃഖ വാര്‍ത്ത അറിയുന്നത് .
ഉച്ചയോടു കൂടി ആളുകളുടെ ഒഴുക്ക് കൂടി ,എങ്ങും ജന സമുദ്രം . ടെന്റുകളില്‍ നിന്ന് എല്ലാം  ഉപേക്ഷിച്ചു പോന്നവര്‍.
പലരും കൂട്ടം തെറ്റി , ഉറ്റവരും ഉടയവരും വേര്‍പെട്ടു പോയി . ആകെ ഒരു മൂകത . തലങ്ങും വിലങ്ങും പായുന്ന
രക്ഷാ വാഹനങ്ങള്‍. 
ഏകദേശം മൂന്നു മണിയോടെ ഞാന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി റൂമിലേക്ക്‌ നടന്നു . റോഡിന്‍റെ ഇരു വശങ്ങളിലും  ഹാജിമാര്‍  
‍ വിശ്രമിക്കുന്നു, പലരും ക്ഷീണിച്ചിട്ടുണ്ട് . ഞാന്‍ അവര്‍ക്കിടയിലൂടെ റൂം ലക്ഷ്യമാക്കി നടന്നു.  റൂമില്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പ് 
ഞാന്‍ കണ്ടു . ഒരു ഹജ്ജുമ്മ ഇരുന്നു കരയുന്നു . കരച്ചില്‍ അല്പം ഉച്ചത്തില്‍ ആണ് . ഞാന്‍ കരച്ചില്‍ കേട്ട് ഒന്ന് നോക്കി .
ഒറ്റ നോട്ടത്തില്‍ തന്നെ അവര്‍ ഒരു മലയാളി ആണ് എന്ന് എനിക്ക് മനസ്സിലായി . ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു . എന്റെ കണ്ടതും
അവര്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി. വളരെ നേരത്തെ ശ്രമത്തിനു ശേഷം ഞാന്‍ വരെ
ആശ്വസിപ്പിച്ചു കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി . തീ പിടുത്തം നടന്നപ്പോള്‍ അവരുടെ  ടെന്റില്‍ നിന്നും എല്ലാവരും ഇറങ്ങി ഓടി
അവരും . കൂടെ ഉള്ളവര്‍ ഒക്കെ കൂട്ടം തെറ്റി . അവര്‍ ആകെ പേടിച്ചു പോയി.  അവരെ ഞാന്‍ ആശ്വസിപ്പിച്ചു . അവരുടെ ആളുകളുടെ
അടുത്ത് എത്തിക്കാം എന്ന് വാക്ക് കൊടുത്തു . റൂമിലേക്ക്‌ കൊണ്ട് പോയി ഞങ്ങള്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു . റൂമില്‍ ഞങ്ങള്‍
പുരുഷന്‍ മാര്‍ മാത്രം ഉള്ളത് കൊണ്ട്  തിരിച്ചു അവരെ ഞാന്‍ എന്റെ കൂടെ മാര്‍കെറ്റിലേക്ക് കൂട്ടി കൊണ്ട് വന്നു . വൈകിട്ട് എന്റെ ജോലി കഴിഞ്ഞാല്‍ നിങ്ങളെ ഗ്രൂപ്പ്  കണ്ടു പിടിച്ചു അവിടെ എത്തിക്കാം എന്ന് വാക്ക് കൊടുത്തു. ഇന്നത്തെപോലെമൊബൈല്‍ ഫോണ്‍ അന്നില്ല
ഹാജിമാരുടെ ഐഡന്റിറ്റി കയ്യിലെ ഒരു വള മാത്രം .  ഹറമിന്റെ അടുത്ത എത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലം അവര്‍ക്ക് അറിയാം എന്ന്
പറഞ്ഞത് പ്രകാരം രാത്രി 8  മണിക്ക് ഞാന്‍ അവരെ അവരുടെ റൂമില്‍ എത്തിച്ചു . അവിടെ എത്തിയപ്പോള്‍ അവരെ കാണാതെ പോയ വിഷമത്തില്‍ നില്‍കുന്ന അവരുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും . സന്തോഷത്തോടെ അവരുടെ അടുത്ത്  ആ ഹജ്ജുമ്മയെ ഏല്പിച്ചു ഞാന്‍ മടങ്ങി .
പിറ്റേന്ന് രാവിലെയാണ് ഏകദേശം 343  പേരുടെ മരണത്തിനും  ആയിരം പേരുടെ പരിക്കിനും ആ തീപിടുത്തം
ഇടയാക്കി എന്ന് വിഷമത്തോടെ അറിയുന്നത്
ഏകദേശം ഒരു കൊല്ലത്തിനു ശേഷം 1998  മാര്‍ച്ചില്‍ പ്രൊമോഷന്‍ കിട്ടി  വിഷമത്തോടെ ഞാനും മക്ക വിട്ടു , ജിദ്ധയിലേക്ക് .
**********************************
പ്രവാസം അങ്ങിനെ നീണ്ടു. അതിനിടക്ക് കല്യാണവും കഴിഞ്ഞു. കുട്ടികളുമായി . 2008  ലെ ഒരു വെകേഷന്‍ സമയം .
ജൂണ്‍ - ജൂലൈ മാസങ്ങളില്‍ സാധാരണ അവധി കിട്ടാറില്ല. എന്നാല്‍ അല്പം മഴ കാണണം എന്ന വാശിയില്‍ ആ വര്ഷം
 അവധി   അടിച്ചെടുത്തത് ജൂലൈ മാസത്തില്‍ .  കൊരിച്ചോരി പെയ്യുന്ന മഴ . അങ്ങിനെ തെളിവ് കിട്ടിയ ഒരു ദിവസം
ഉച്ചക്ക് ശേഷം   പെരിന്തല്‍മണ്ണ ഉള്ള ഒരു സുഹൃത്തിനെ  കാണാന്‍ പോയി, കൂടെ മോളും ഉണ്ട് . ബൈക്കിലാണ് യാത്ര . 
സുഹൃത്തിനെ കണ്ടു യാത്ര പറഞ്ഞപ്പോള്‍  ഏകദേശം 7  മണിയായി. മഴക്കാര്‍ മൂടിയ അന്തരീക്ഷം . ഏകദേശം മങ്കട
കഴിഞ്ഞു കാണും
മഴ പയ്യെ പെയ്യാന്‍ തുടങ്ങി . വണ്ടി എവിടെയെങ്കിലും ഒന്ന് നിര്‍ത്താന്‍ നോക്കിയമ്പോള്‍ മോള് പറഞ്ഞു . നമുക്ക് പോകാം , അല്പം മഴ കൊള്ളാം
സാരമില്ല . മണല്‍ കാടിന്റെ ചൂടേറ്റു വളന്ന അവള്‍ക്കു അതാണ്‌ ആഗ്രഹമെങ്കില്‍ ആയിക്കോട്ടെ എന്നും ഞാനും കരുതി. പക്ഷെ
ഞങ്ങളുടെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു മഴ കനത്തു. നല്ല കാറ്റും , മുന്നില്‍ ഇരുന്ന മോള്‍ നനഞ്ഞു കുതിര്‍ന്നു വിറക്കാന്‍ തുടങ്ങി .
ശക്തമായ മഴ കൊണ്ട് എനിക്ക് വണ്ടി ഓടിക്കാന്‍ കഴിയത്ത അവസ്ഥ വന്നു. റോഡ്‌ വിജനം . തൊട്ടടുത്ത കവലയില്‍ അല്‍പ സമയം
കയറിനില്‍ക്കാം എന്ന് കരുതി ഞാന്‍ വണ്ടി മുന്നോട്ടു എടുത്തു. പക്ഷെ അവിടെ  കടകള്‍ ഒക്കെ അടച്ചിരുന്നു . അല്പം കൂടി മുന്നോട്ടു പോയപ്പോള്‍ 
റോഡിന്‍റെ
തൊട്ടടുത്തു  ഒരു വീട്ടില്‍ വെളിച്ചം കണ്ടു . ഞാന്‍ വണ്ടി നേരെ  അവിടേക്ക് തിരിച്ചു ആ വീട്ടിന്റെ മുറ്റത്ത്  നിര്‍ത്തി . ഗ്രില്‍സ് ഇട്ട ആ വീടിന്റെ 
കോലായില്‍ ഒരു സ്ത്രീയും ഒരു കൊച്ചു പെണ്‍കുട്ടിയും എന്തോ വായിച്ചു കൊണ്ടിരിക്കുന്നു . അസമയത്ത് ഒരു വണ്ടി മുറ്റത്ത്‌ വന്നു നിന്നത് 
കൊണ്ടാവണം അവര്‍ അല്പം അമ്പരപ്പോടെ  ഞങ്ങളെ നോക്കി. ഞാന്‍ സലാം പറഞു ഇറയത്തെക്ക്   കയറി നിന്ന് അവരോടു വിവരങ്ങള്‍ പറഞ്ഞു .
മോളെ കണ്ടതും അവര്‍ പെട്ടെന്ന് ഗ്രില്‍സ് തുറന്നു ഒരു തോര്‍ത്തു തന്നു തല തുടച്ചു കൊടുക്കാന്‍ പറഞ്ഞു .
മോളുടെ പല്ലുകള്‍ കൂട്ടി ഇടിക്കാന്‍ തുടങ്ങിയിരുന്നു. അവസാനം അവര്‍ തന്നെ അവളുടെ തല തോര്‍ത്തി കൊടുത്ത് എന്നോട് കോലായിലേക്ക്
കയറി ഇരിക്കാന്‍ പറഞ്ഞു. ആകെ നനഞു കുതിര്‍ന്ന ഞാന്‍ മടിച്ചു . അവരുടെ സ്നേഹത്തിനു മുന്നില്‍ അവസാനം തുണി പിഴിഞ്ഞ് വെള്ളം
കളഞ്ഞു ഞാന്‍ കോലായില്‍ കയറി ഇരുന്നു . മോളെ അവര്‍ അകത്തു കൊണ്ട് പോയി വസ്ത്രങ്ങള്‍ എല്ലാം പിഴിഞ്ഞ് തല തോര്‍ത്തി കൊടുത്തു.
അവര്‍ എന്റെ അടുത്ത് വന്നു എവിടെയാണ് എന്നും എന്ത് ചെയ്യുന്നും എന്ന് ചോദിച്ചു . ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അവര്‍ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞു ." . ഇന്റെ റബ്ബേ .. ഇത് ജബ്ബാര്‍ അല്ലെ ... അനക്ക് ഇന്നേ ഓര്മ ഇല്ലേ ..മിനയില്‍ തീപിടിച്ച  അന്ന് എന്നെ റൂമില്‍ എത്തിച്ചത് "..............  ഞാന്‍ ഒരു നിമിഷം ഒന്ന് ശബ്ദിക്കാന്‍ കഴിയാതെ നിന്നു .. എന്റെ ഓര്‍മ്മകള്‍ 10  വര്ഷം പിന്നോട്ട് പോയി.
വയസ്സുകൊണ്ടു അവരെക്കാള്‍ ഇളയതായ എനിക്ക് എന്തെ അവരെ കണ്ടപ്പോള്‍ മനസ്സിലായില്ല !
അവര്‍ സന്തോഷത്തോടെ ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു . ഇടയ്ക്കു അവരുടെ വീട്ടുകാര്യങ്ങളും പറഞ്ഞു . അന്ന് അവരോടൊപ്പം ഹജ്ജിനു
ഉണ്ടായിരുന്ന അവരുടെ ഭര്‍ത്താവ് രണ്ടു വര്ഷം മുന്‍പ് മരിച്ചു .
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മഴ നിലച്ചു . ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങി , ഇറങ്ങാന്‍ നേരം ആ ഉമ്മ പറഞ്ഞു ..മക്കയില്‍ പോകുമ്പോള്‍
ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ ..............
തിരിച്ചു വീട്ടില്‍ എത്തുന്നത്‌ വരെ എന്റെ മനസ്സില്‍ അവരായിരുന്നു.. പത്തു വര്ഷം മുന്‍പ് നടന്ന  ആ തീപിടിത്തവും .
അതെ നമ്മുടെ ഒക്കെ ജീവിതം പലപ്പോഴും വേര്‍പിരിയലും കണ്ടുമുട്ടലും ആണല്ലോ  അല്ലെ ............

എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍ !